പൊൻകുന്നം അപകടം: ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തൽ; നരഹത്യാക്കുറ്റം ചുമത്തി

കോട്ടയം: പൊൻകുന്നത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസണെതിരെ നരഹത്യാക്കുറ്റം ചുമത്തി.

ഇന്നലെ രാത്രി പത്തേകാലോടെ ഇളംകുളം കൊപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച് ഇയാൾ ഓടിച്ചിരുന്ന ഥാർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന 3 യുവാക്കൾ മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീപ്പ് ഡ്രൈവറായ ഇയാൾ മദ്യപിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പ് ദിശ തെറ്റി വന്ന് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*