എറണാകുളം: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കുന്നതിനായി ബൗൺസർമാരെ നിയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്ന് ദേവസ്വം ബോർഡിന് താക്കീത് നൽകി.
മരട് സ്വദേശി എൻ പ്രകാശ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രോത്സവ ചടങ്ങിനിടെ ബൗൺസർമാർ ഭക്തരെ നിയന്ത്രിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ബൗൺസർമാരെ ചുമതലപ്പെടുത്തുന്നതിൽനിന്നും കൊച്ചിൻ ദേവസ്വം ബോർഡിനെ വിലക്കണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്ക് നിയന്ത്രണവും പൊലീസിൻ്റെയും ദേവസ്വം ഗാർഡുമാരുടെയും ഉത്തരവാദിത്തമാണെന്നിരിക്കെ സ്വകാര്യ ഏജൻസികളിൽനിന്നുള്ള ബൗൺസർമാരെ നിയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
തിരക്ക് നിയന്ത്രിക്കാൻ നിന്നവരുടെ ടി-ഷർട്ടിന് പിന്നിൽ ‘ബൗൺസർ’ എന്ന് എഴുതിയിരുന്നതായി നേരത്തെ കോടതി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബൗൺസർമാരുടെ ഇടപെടലിനെതിരെ ഭക്തരും രംഗത്ത് വന്നിരുന്നു.
മതിയായ സുരക്ഷാ ജീവനക്കാരെയോ പോലീസിനെയോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ബൗൺസർമാരെ നിയോഗിക്കേണ്ടി വന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. എന്നാൽ, മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്നും ബോർഡ് ഉറപ്പുനൽകി.
ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കേണ്ടത് മതിയായ പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരോ പൊലീസോ ആയിരിക്കണം. ബൗൺസർമാർക്ക് ഭക്തരെ നിയന്ത്രിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ വിശുദ്ധിയും ആചാരപരമായ അന്തരീക്ഷവും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം കോടതി വീണ്ടും ഓർമിപ്പിച്ചു. ക്ഷേത്ര ആചാരങ്ങളെക്കുറിച്ചോ ഭക്തരോട് പെരുമാറേണ്ട രീതിയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരാണ് പലപ്പോഴും ഇത്തരം ഏജൻസികളിൽ ജോലി ചെയ്യുന്നത്. ഇവർ ഭക്തരോട് മോശമായി പെരുമാറിയെന്ന പരാതികളും ഉയർന്നിട്ടുണ്ട്. സന്നിധാനത്ത് നിൽക്കുന്ന ദേവസ്വം ഗാർഡുമാർക്ക് പോലും നിശ്ചിത യൂണിഫോമും പെരുമാറ്റച്ചട്ടങ്ങളും ഉണ്ട്. എന്നാൽ പുറത്തുനിന്നുള്ള ഏജൻസികൾ വരുമ്പോൾ ആരാണ് നിയന്ത്രിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യമാണ്.
ഭക്തർക്ക് അസ്വസ്ഥതയായി ബൗൺസർമാർ
കറുത്ത വസ്ത്രം ധരിച്ച് പേശീബലമുള്ള വ്യക്തികൾ ഭക്തരെ ബലമായി തള്ളിമാറ്റുന്നതും വിരട്ടുന്നതും ക്ഷേത്രത്തിൻ്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്ന വിമർശനം ശക്തമായിരുന്നു. സാധാരണഗതിയിൽ ഉത്സവപ്പറമ്പുകളിൽ സേവനസന്നദ്ധരായ വോളൻ്റിയർമാരോ പൊലീസോ ആണ് തിരക്ക് നിയന്ത്രിക്കാറുള്ളത്. എന്നാൽ ഇത്തവണ പൂർണത്രയീശ ക്ഷേത്രത്തിൽ കണ്ടത് നഗരങ്ങളിലെ പബ്ബുകളിലും മറ്റും കാണുന്ന തരത്തിലുള്ള സുരക്ഷാസംവിധാനമായിരുന്നു. ഇത് ഭക്തരിൽ വലിയ അസ്വസ്ഥത ഉളവാക്കിയിരുന്നു. ടി-ഷർട്ടിൽ ‘ബൗൺസർ’ എന്ന് എഴുതിവച്ച് ഭക്തർക്കിടയിൽ നിൽക്കുന്നത് ഭീതി ജനിപ്പിക്കുന്നതാണെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വാക്കാലുള്ള പരാമർശത്തിൽ സൂചിപ്പിച്ചിരുന്നു.



Be the first to comment