താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയുടെ സങ്കീര്‍ണതകള്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയുടെ മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ ഇത് തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനയയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് പിതാവ് സനൂപ് ഡോക്ടറെ ആക്രമിച്ചത് വാര്‍ത്തയായിരുന്നു.

ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.

ഇതിന് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആയിട്ടില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഇതിനിടെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഡോക്ടര്‍ കുട്ടിയുടെ മാതാവിനെ കാണുകയും മരണകാരണം മസ്തിഷ്‌ക ജ്വര ബാധയല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സനൂപ് അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിന് ശേഷമാണ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിനെ ആക്രമിച്ചത്. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഡോക്ടറുടെ തലയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിരുന്നു. സംഭവത്തിന് ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകവേ ഡോക്ടര്‍ക്കുള്ള വെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപ് പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*