പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന് പരിഹാരം; ചെയ്യേണ്ടത് ഇത്രമാത്രം

ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ് ഗർഭകാലം. മാനസികമായും ശാരീരികമായും പല തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട് പലർക്കും. അതിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഗർഭകാലത്ത് ഈസ്ട്രജൻ ഹോർമോണിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനം ചിലരിൽ മുടി നന്നായി വളരാനും ചിലരിൽ മുടി അമിതമായി കൊഴിയാനും ഇടയാക്കും. ചില സ്ത്രീകളിൽ പ്രസവ ശേഷവും മുടി കൊഴിച്ചിൽ കണ്ടുവരാറുണ്ട്. ഇത് വളരെ സ്വാഭാവികമായ ഒന്നാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മുടി കൊഴിച്ചിലിനെ നേരിടാൻ സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ
മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് ഏറ്റവും പ്രധാനം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ്. ഇരുമ്പ്, പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. മുടിയിഴകളെ ശക്തിപ്പെടുത്താനും മുടി വളർച്ച മെച്ചപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ഇവ സഹായിക്കും. ചീര, ഈത്തപ്പഴം, പയർ, മുട്ട, പനീർ, ചിക്കൻ, നട്‌സ്, മധുരക്കിഴങ്ങ്, ബദാം, കൂൺ, ഫ്ലാക്‌സ് സീഡുകൾ, വാൽനട്ട്, കൊഴുപ്പുള്ള മത്സ്യം എന്നിവ കഴിക്കുക.

പതിവായി മസാജ് ചെയ്യുക
പതിവായി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കും. രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. അതിനാൽ ദിവസേന തലയോട്ടിയിൽ ചെറു ചൂടോടെ എണ്ണ പുരട്ടി കുറഞ്ഞത് 5 മുതൽ 10 മിനിറ്റ് നേരം മസാജ് ചെയ്യാം. ഇതിനായി ആവണക്കെണ്ണ, വെളിച്ചെണ്ണ, ബദാം എണ്ണ തുടങ്ങിയവ ഉപയോഗിക്കാം.

നല്ല ഉറക്കം
കുഞ്ഞ് ജനിച്ച് കഴിഞ്ഞുള്ള ആദ്യ നാളുകളിൽ അമ്മമാർക്ക് ശരിയായ ഉറക്കം ലഭിക്കാറില്ല. ഇത് സമ്മർദ്ദത്തിലേക്കും പിന്നീട് മുടി കൊഴിച്ചിലിനും കാരണമാകും. അതിനാൽ പ്രസവത്തിന് ശേഷം അമ്മമാർ നല്ല ഉറക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

സമ്മർദ്ദം നിയന്ത്രിക്കാം
പ്രസവ ശേഷം സ്ത്രീകളിൽ സമ്മർദ്ദം അനുഭവപ്പെടുന്നത് സാധാരണയാണ്. എന്നാൽ സമ്മർദ്ദത്തെ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രസവ ശേഷമുള്ള മുടികൊഴിച്ചിലിന് കാരണമാകുന്ന ഒരു പ്രധാന ഘടകം കൂടിയാണിത്. അതുകൊണ്ട് തന്നെ ശാരീരിക പ്രവർത്തനങ്ങൾ, ധ്യാനം, ശ്വസന വ്യായാമങ്ങൾ, നല്ല ഉറക്കം എന്നിവ പിന്തുടരുക. സമ്മർദ്ദം കുറയ്ക്കാൻ ഇവ സഹായിക്കും.

ഇറുകിയ ഹെയർസ്റ്റൈലുകൾ ഒഴിവാക്കാം
മുടിയുടെ വേരുകൾക്ക് സമ്മർദ്ദം ചെലുത്തുന്ന തരത്തിലുള്ള ഇറുകിയ ഹെയർസ്റ്റൈലുകൾ ഒഴിവാക്കുക. കൂടാതെ മുടി പൊട്ടി പോകുന്നത് തടയാൻ വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കാം. ബ്ലോ ഡ്രയറുകൾ, സ്ട്രൈറ്റനറുകൾ, കേളിംഗ് അയണുകൾ തുടങ്ങിയ ഹീറ്റ് സ്റ്റൈലിംഗുകൾ ഒഴിവാക്കുന്നതാണ് നല്ലത്. മുടി ഉണക്കാൻ മൃദുവായ ടവ്വൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*