
വിദേശത്ത് തൊഴിൽ നൽകാമെന്ന പത്ര പരസ്യങ്ങളിൽ വിശ്വസിച്ചു തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നതായി പ്രവാസി കമ്മിഷൻ. പത്രങ്ങളിൽ വരുന്ന പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാതെ പലരും പണം കൈമാറുന്നു. പിന്നീട് അന്വേഷിക്കുമ്പോൾ ഈ കമ്പനിയെ സംബന്ധിച്ചോ വ്യക്തികളെയോ കണ്ടെത്താൻ കഴിയാതെ വരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നാട്ടിൽ പെരുകുന്നതായി പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
വിദേശത്ത് ജോലി നൽകാമെന്ന പത്ര പരസ്യം കണ്ട് ഒരു പെൺകുട്ടി അതിലെ നമ്പറിൽ ബന്ധപെട്ടു. തുടർന്ന് 350 ദിർഹം ജോലിക്കായി ഒരു അക്കൗണ്ടിലേക്ക് അയച്ചു നൽകി. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതോടെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈപ്പറ്റിയ ആളുടെ നാടോ, വിലാസമോ ഒന്നും കണ്ടെത്താനായില്ല.
ഇത്തരത്തിൽ പത്ര പരസ്യങ്ങളിൽ കാണുന്ന വാഗ്ദാനങ്ങളിൽ കുടുങ്ങി, കമ്പനിയുടെ വിവരങ്ങളോ, രജിസ്ട്രേഷനോ, ഗവൺമെന്റ് അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നവരിൽ ഭൂരിഭാഗവും വഞ്ചിതരാവുകയാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.
അംഗീകാരമില്ലാത്ത ഏജൻസികളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇതിന് മാധ്യമങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
Be the first to comment