തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. പ്രവീണിന്റെ ഭാര്യ വിവരമറിഞ്ഞ് ജ്വല്ലറിയിലെത്തി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഗായത്രി റിസപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണ്‍ തീരുമാനിച്ചു.

തുടര്‍ന്ന് 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയിൽ മൊഴി നൽകിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*