രാഷ്ട്രപതി ഇന്നു കേരളത്തിലെത്തും, ശബരിമല ദർശനം നാളെ; തീർത്ഥാടകർക്ക് നിയന്ത്രണം

ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു കേരളത്തിലെത്തും. വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന്‌ രാജ്‌ഭവനിൽ തങ്ങും. നാളെയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്.

നാളെ രാവിലെ 9.20ന്‌ തിരുവനന്തപുരത്തു നിന്ന്‌ വ്യോമസേന ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌ 10.20ന്‌ നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ ദ്രൗപദി മുർമു രാജ്‌ഭവനിൽ മടങ്ങിയെത്തും. ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സൽ ഇന്നു നടക്കും.

സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്‌ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്‌ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന്‌ സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും.

വ്യാഴാഴ്ച രാവിലെ 10ന്‌ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന്‌ ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ പാലാ സെന്റ്‌ തോമസ്‌ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച പകൽ 12.10ന്‌ എറണാകുളം സെന്റ് തെരേസാസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ നിന്നും രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

Be the first to comment

Leave a Reply

Your email address will not be published.


*