രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്‍റെ വിശദമായ ഷെഡ്യൂൾ രാഷ്ട്രപതി ഭവൻ പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്‍റെ വിശദമായ ഷെഡ്യൂൾ രാഷ്ട്രപതി ഭവൻ പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറി. ഇത് ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് എന്ന സവിശേഷത ഈ യാത്രയ്ക്കുണ്ട്. രാഷ്ട്രപതി ഒക്ടോബർ 21-ന് കേരളത്തിലെത്തും.

21-ന് വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ വിശ്രമിക്കും. 22-ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ യാത്ര ഹെലിക്കോപ്റ്റർ മാർഗം നിലയ്ക്കലിലേക്കും അവിടെ നിന്ന് കാർ മാർഗം പമ്പയിലേക്കും ആയിരിക്കും. ഷെഡ്യൂൾ പ്രകാരം പമ്പയിൽ സ്നാനം ചെയ്തേക്കും. മലകയറ്റത്തിന് മുൻപ് പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറയ്ക്കും. ഇവിടെ നിന്ന് ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര.

ബ്ലൂ ബുക്ക് പ്രകാരമുള്ള കനത്ത സുരക്ഷയിലാവും യാത്ര. ഗൂർഖ വാഹനം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് എങ്ങനെ പോകണം എന്നത് സംബന്ധിച്ച് റിഹേഴ്‌സൽ നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് റിഹേഴ്‌സൽ നടക്കും. രാഷ്ട്രപതിക്കൊപ്പം അഞ്ച് പേരാവും വാഹനത്തിലുണ്ടാവുക. മറ്റ് അകമ്പടി ജീപ്പുകൾ, മെഡിക്കൽ സംഘം, സുരക്ഷാ സംഘം എന്നിവരുമുണ്ടാകും.

ദർശനത്തിന് ശേഷം രാഷ്ട്രപതി ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. തുടർന്ന് ഗൂർഖ ജീപ്പിൽത്തന്നെയാണ് പമ്പയിലേക്ക് മടക്കം. വൈകുന്നേരത്തോടെ ഹെലിക്കോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനത്തെത്തുടർന്ന് ഒക്ടോബർ 21, 22 തീയതികളിൽ ദേവസ്വം ബോർഡ് വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള സ്ലോട്ട് ഓപ്പൺ ചെയ്തിട്ടില്ല. അതിനാൽ ഈ ദിവസങ്ങളിൽ ഭക്തർക്ക് ശബരിമല ദർശനം ഉണ്ടായിരിക്കില്ല.

ഒക്ടോബർ 21-ന് വൈകുന്നേരം കേരളത്തിലെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് തങ്ങുക. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 24-ന് മടങ്ങും.

മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് സന്ദര്‍ശനം മാറ്റിവയ്ക്കു‌കയായിരുന്നു. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.

നേരത്തെ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ചു സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൻ്റെ സമാപന വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*