രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും

രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്യെ കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എ എസ് ചന്തൂര്‍കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെതിരെയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു 14 വിഷയങ്ങളില്‍ വ്യക്തത തേടി റഫറന്‍സ് നല്‍കിയത്. ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.

രാഷ്ട്രപതി റഫറന്‍സില്‍ സുപ്രീംകോടതി വിശദമായ വാദം കേട്ടിരുന്നു. ബില്ലുകള്‍ അനന്തകാലം തടഞ്ഞുവയ്ക്കാന്‍ കഴിയുമോ എന്ന ചോദ്യം ഭരണഘടന ബെഞ്ച് ഉന്നയിച്ചിരുന്നു.ഒരു ഭരണഘടന സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടന സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇന്നത്തെ വിധി നിര്‍ണായകമാകും.

Be the first to comment

Leave a Reply

Your email address will not be published.


*