വർക്ക്ഔട്ടിന് മുൻപ് എന്ത് ഭക്ഷണം കഴിക്കണം, സംശയം വേണ്ട

വർക്ക്ഔട്ട് ചെയ്തു ശരീരം നന്നാക്കാൻ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് പ്രീവർക്ക്ഔട്ട് ഭക്ഷണത്തെ കുറിച്ച്. ഊർജ്ജം നൽകുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത്. പൊതുവെ എല്ലാവരും നേന്ത്രപ്പഴമാണ് തിരഞ്ഞെടുക്കാറ്. എന്നാൽ ചിലർ റോബസ്റ്റ പഴവും കഴിക്കാറുണ്ട്. രണ്ടിനും വ്യത്യസ്ത ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്. എന്നാൽ തടികുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ ഇവ കഴിക്കുന്നതിൽ അൽപം ശ്രദ്ധവേണം.

വ്യായാമം ചെയ്യാനുള്ള ഊർജ്ജം നിലനിർത്തുകയും പേശികളെ തളർച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രീവർക്ക്ഔട്ട് ഭക്ഷണങ്ങളുടെ പ്രധാന ഉദ്ദേശം. റോബസ്റ്റ പഴത്തിൽ താരതമ്യേന കാലറിയും കാർബോഹൈഡ്രേറ്റും കുറവായതിനാൽ, ഇത് പെട്ടെന്ന് ദഹിക്കുകയും പെട്ടെന്ന് തന്നെ ഊർജ്ജം നൽകുകയും ചെയ്യുന്നു.

റോബസ്റ്റയിലെ കാർബ് എന്നത്, കൂടുതലും ലളിതമായ പഞ്ചസാര ആയതുകൊണ്ട്, വർക്ക്ഔട്ട് ചെയ്യുന്നതിന് 15 മുതൽ 30 മിനിറ്റ് മുൻപ് കഴിക്കുന്നത് നല്ലതാണണ്. എന്നാൽ, നേന്ത്രപ്പഴത്തിൽ കാലറി കൂടുതലാണ്. അതേസമയം, ഇതിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്സ് ആണ് കൂടുതലായി അടങ്ങിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഇത് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ദൈർഘ്യമേറിയതും കഠിനവുമായ വർക്ക്ഔട്ട് സെഷനുകൾക്ക് പോകുന്നതിന് മുന്‍പ് നേന്ത്രപ്പഴം ഒരു നല്ല ഓപ്ഷനാണ്. വ്യായാമം തുടങ്ങുന്നതിന് 45 മുതൽ 60 മിനിറ്റ് മുൻപ് നേന്ത്രപ്പഴം കഴിച്ചാൽ, വ്യായാമസമയത്തുടനീളം പേശികൾക്ക് സ്ഥിരമായ ഊർജ്ജം ലഭിക്കാൻ ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ ഏതാണ് നല്ലത്?

തടി കുറയ്ക്കാനാണ് നോക്കുന്നതെങ്കില്‍, കലോറി കുറഞ്ഞ റോബസ്റ്റ പഴമാണ് നല്ലത്. റോബസ്റ്റയിലെ ഊർജ്ജം വേഗത്തിൽ ഉപയോഗിക്കപ്പെടുന്നതിനാൽ, അത് കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ, ഒരുപാട് പഴുത്ത റോബസ്റ്റയിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും.

അതിനാൽ അമിതമായി പഴുക്കാത്ത പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മാത്രമല്ല, പഴത്തിനൊപ്പം ഒരു പിടി നട്സ് കഴിക്കുന്നത് പ്രോട്ടീനും കൂടുതൽ ഊർജ്ജവും നൽകുന്നു. മാത്രമല്ല, വിശപ്പ് കുറയ്ക്കാനും പേശീവളർച്ചയ്ക്കും സഹായിക്കും. ഒന്നിലധികം പഴം കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*