
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍ സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
വിഴിഞ്ഞത്തിന്റെ പ്രത്യേകതകള്‍:
വിഴിഞ്ഞത്ത് സ്വാഭാവിക ആഴം 20 മീറ്റര്‍. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഏതു ചരക്കുകപ്പലും വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാം.
കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഡ്രജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്.
ലോകത്തെ തിരക്കേറിയ രണ്ട് രാജ്യാന്തര കപ്പല്‍ ചാലുമായി വളരെ അടുത്ത് കിടക്കുന്നു. ഇതിനാല്‍ കപ്പലുകള്‍ക്കു വന്നു പോകാനുള്ള സമയം (ടേണ്‍ എറൗണ്ട് ടൈം) വളരെ കുറച്ചു മതി.
ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്ന് വിഴിഞ്ഞത്തേയ്ക്ക് 10 നോട്ടിക്കല്‍ മൈല്‍ (18.52 കിലോമീറ്റര്‍) ദൂരം മാത്രം. കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെക്കാള്‍ രാജ്യാന്തര കപ്പല്‍പ്പാതയുമായി അടുത്തു സ്ഥിതി ചെയ്യുന്നു.
ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെക്കൂടി കടന്നുപോകുന്ന ഏഷ്യ- യൂറോപ് രാജ്യാന്തര കപ്പല്‍ പാതയിലാണ്.
ആഫ്രിക്ക, യൂറോപ്, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സിങ്കപ്പൂര്‍, ഹോങ്കോങ്, ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടി
ദുബായ് ഉള്‍പ്പെടെ മിക്ക തുറമുഖങ്ങളും 15 മീറ്റര്‍ ആഴം നിലനിര്‍ത്തുന്നത് ഡ്രജ്ജിങ് നടത്തി. 14 മീറ്റര്‍ മാത്രം ആഴമുള്ള വല്ലാര്‍പാടത്തുപോലും ഡ്രജ്ജിങ്ങിനായി ചെലവഴിക്കുന്നത് കോടികളാണ്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിലൊന്നായ ഗുജറാത്തിലെ മുന്ദ്ര തുറമുഖവും രാജ്യാന്തര കപ്പല്‍ ചാലും തമ്മിലുള്ള അകലം കൂടുതലാണ്. വിഴിഞ്ഞത്തെ അപേക്ഷിച്ച് സ്വാഭാവിക ആഴവും കുറവാണ്. ആഴം 17 മീറ്റര്‍ മാത്രമായതിനാല്‍ വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ ഡ്രജ് ചെയ്ത ആഴം കൂട്ടേണ്ടതായി വരുന്നു.
വിഴിഞ്ഞം പദ്ധതിപ്രദേശത്ത് അഴിമുഖം ഇല്ല, മണല്‍ സഞ്ചാരവും കുറവാണ്.
Be the first to comment