‘എൻ്റെ അമ്മ എന്തു തെറ്റു ചെയ്തു?’, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും: പ്രധാനമന്ത്രി

മരിച്ചു പോയ തൻ്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തൻ്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തൻ്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തൻ്റെ അമ്മയെ അപമാനിക്കുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യത്താല്‍ സമ്പന്നമായ ഈ ബീഹാറില്‍ വെച്ച് ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് കരുതിയില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് യോഗത്തില്‍ വെച്ച് എൻ്റെ അമ്മയെ അപമാനിച്ചു. ഇത് എൻ്റെ അമ്മയ്ക്ക് നേരെ മാത്രമുള്ളതല്ല, രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെയുള്ള അധിക്ഷേപമാണ്. ബിഹാറിലെ ഓരോ അമ്മമാരും ഇതു കേട്ടപ്പോള്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. എനിക്ക് എത്ര വേദനയുണ്ടായോ അത്രയും വേദന ബിഹാറിലെ ജനങ്ങളും അനുഭവിക്കുന്നുണ്ടെന്ന് അറിയാം. മോദി പറഞ്ഞു.

എന്നാല്‍ കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ വേദന മനസ്സിലാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള, സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഒരു പുതിയ സഹകരണ സംരംഭത്തിൻ്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുമ്പോഴാണ് അമ്മയെക്കുറിച്ചുള്ള അധിക്ഷേപത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. പുതിയ സംരംഭം ബിഹാറിലെ അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും മുന്നോട്ടുപോകാനുള്ള ശക്തമായ വേദിയായി മാറുമെന്നും നരേന്ദ്രമോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ വേദിയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത്. മോദിയേയും അമ്മയേയും അസഭ്യം പറഞ്ഞതിന് സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെ ദര്‍ഭംഗ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസഭ്യ പരാമർശങ്ങളെ വിമർശിച്ച കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസിൻ്റെയും ആര്‍ജെഡിയുടേയും വേദിയില്‍ നിന്നുണ്ടായ, ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയും അധിക്ഷേപ പരാ‍മർശത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*