പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചേക്കും; സന്ദർശനം സെപ്റ്റംബർ 13ന്

ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലേക്ക് എത്തുന്നു. മോദി ഈ മാസം പതിമൂന്നിന് മണിപ്പൂർ സന്ദർശിച്ചേക്കും. 2023 ലെ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.

കേന്ദ്രത്തിൻറെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി പൂർത്തിയാക്കിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. ആദ്യം മിസോറാം സന്ദർശിക്കുന്ന മോദി ബൈരാബി -സൈരാഗ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യും. ഐസ്വാളിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് 51 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയിൽവേ ലൈൻ. ഇതിന് ശേഷമായിരിക്കും മണിപ്പൂർ സന്ദർശനം. മിസോറാം സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കേന്ദ്രം
ഇതുവരെ പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല.

2023ലെ കൂക്കി മെയ്തെയ് കലാപത്തിന് ശേഷം മോദി സംസ്ഥാനം സന്ദർശിക്കാത്തതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ളവർ നേരിട്ടും സംസ്ഥാനത്ത് എത്തിയിരുന്നു. രണ്ട് വർഷമായി തുടരുന്ന കലാപത്തിൽ 260 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. ഫെബ്രുവരിയിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചത് മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*