പ്രധാനമന്ത്രിയുടെ നാളത്തെ യുപി സന്ദര്‍ശനം റദ്ദാക്കി; സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകീട്ട്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടത്താനിരുന്ന യുപി സന്ദര്‍ശനം റദ്ദാക്കി. 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി നാളെ ( വ്യാഴാഴ്ച) കാന്‍പൂരിലേക്കാണ് പ്രധാനമന്ത്രി പോകേണ്ടിയിരുന്നത്.കാന്‍പൂര്‍ സ്വദേശിയായ ശുഭം ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനം റദ്ദാക്കിയത്.

അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26പേരാണ് കൊല്ലപ്പെട്ടത്. വളരെക്കാലത്തിനു ശേഷം കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണിത്. സിമന്റ് വ്യാപാര കമ്പനി നടത്തിയിരുന്ന ശുഭം, ഏപ്രില്‍ 16 ന് ഭാര്യയ്ക്കും മറ്റ് ഒമ്പത് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒരാഴ്ച നീണ്ടുനിന്ന അവധിക്കാല യാത്രയ്ക്ക് ആണ് കശ്മീരിലേക്ക് പോയത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിമാനത്താവളത്തില്‍ വെച്ച് അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു. രാവിലെ ഏഴു മണിയോടെ ഡല്‍ഹിയിലെത്തിയ നരേന്ദ്രമോദി, ഡല്‍ഹി വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലെ ലോഞ്ചില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു വൈകീട്ട് ആറിന് യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച (ഇന്നലെ) ആണ് മോദി സൗദിയിലെത്തിയത്. ഭീകരാക്രമണത്തില്‍ എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീകരാക്രമണത്തെ അപലപിച്ചു. മോദിയെ ഫോണില്‍ വിളിച്ച് എല്ലാ പിന്തുണയും അമേരിക്ക അറിയിച്ചിട്ടുണ്ട്. വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*