ജയിലിലെ പണിക്കൂലി തടവുകാർക്ക് സുഖജീവിതത്തിനുള്ളതല്ല; യാഥാർഥ്യം ഇതാണ്

നാട്ടിൽ പണിയില്ല, പണിയെടുത്താൽ കൂലിയില്ല ജയിലിൽ പോകുന്നതാണ് ഇതിലും ഭേദമെന്നാണ് ചിലർ പറയുന്നത്. തടവുപുള്ളികളുടെ കൂലി കൂട്ടിയതിനോടുള്ള വിമർശനവും പരിഹാസവുമാണ് ആ വാക്കുകളിൽ കലർന്നിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ശരിയാണ്, ആശമാർക്ക് 400 രൂപ പോലും കൂലിയില്ലാത്തപ്പോൾ കുറ്റം ചെയ്ത് ജയിലിൽ പോയവർക്ക് 620 രൂപ കൂലി അന്യായമല്ലേ എന്ന് ആർക്കും തോന്നും പക്ഷേ ഇതിനൊരു മറുവശംകൂടിയുണ്ട്.

സംസ്ഥാനത്ത് ഏഴു വർഷത്തിനുശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ വേതനം പരിഷ്‌കരിക്കണമെന്ന് 2016 ലേ മോഡൽ പ്രിസൺ മാനുവൽ ഉദ്ധരിച്ച് സുപ്രീം കോടതി കേരളമുൾപ്പടെയുള്ള ആറു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്നും മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും സുപ്രീംകോടതി വിധി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ മിനിമം വേതനത്തിന്റെ അഞ്ചിൽ ഒന്നു മാത്രമാണ് തടവുകാർക്ക് വേതനമായി നൽകിയിരുന്നത്. സുപ്രീം കോടതി വിധി പ്രകാരമാണ് വേതന പരിഷ്‌കരണം ആഭ്യന്തരവകുപ്പ് നടപ്പാക്കിയത്.

തടവുകാരുടെ വേതനം സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് വിഭാഗത്തിൽ 560, 530 രൂപ എന്നിങ്ങനെയാണ് യഥാക്രമം വർധിപ്പിച്ചത്. കോടതികളുടെ മേൽനോട്ടത്തിലും ലീഗൽ സർവീസ് അതോറിറ്റിയുടെ നിർവഹണ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സഞ്ചിത നിധിയിലേക്കാണ് ഈ പണം നൽകുക.

കോടതി വിധിയുടെ ഭാഗമായ പിഴ, കുറ്റകൃത്യത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം, ജയിൽ ക്ഷേമപ്രവർത്തനങ്ങൾ എന്നിവക്കായി നിശ്ചിത വിഹിതം എടുക്കും. ബാക്കി തുക നിർബന്ധിത സമ്പാദ്യമായി സൂക്ഷിച്ചുവെക്കുകയും തടവുപുള്ളി ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ മാത്രം കൊടുക്കുകയുമാണ് രീതി.

കുറ്റകൃത്യത്തിന് ഇരയായവർക്ക് 30 ശതമാനവും 25 ശതമാനം തടവുപുള്ളികളുടെ കാന്റീൻ ഭക്ഷണത്തിനും 50 ശതമാനം കുറ്റവാളിയുടെ ആശ്രിതരുടെ ഉപജീവനത്തിനും കഴിഞ്ഞ് 25 ശതമാനം തുക മാത്രമാണ് തടവുപുള്ളിയുടെ സമ്പാദ്യമായി നീക്കിവയ്ക്കുക. യാഥാർത്ഥ്യം ഇതാണെന്നിരിക്കെയാണ് തടവുകാരുടെ വേതനവർധന മറ്റ് തൊഴിലാളികളുടെ വേതനവുമായി താരതമ്യപ്പെടുത്തിയുള്ള പ്രചാരണങ്ങൾ കൊഴുക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*