
പൃഥ്വിരാജ് നായകനായി, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ഉറുമി. 2011 ല്‍ പുറത്തിറങ്ങിയ അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തില്‍ വിദ്യ ബാലന്‍, നിത്യ മേനോന്‍, പ്രഭുദേവ, തബു, ആര്യ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സാങ്കേതികമായും കഥ പറച്ചിലിലുമെല്ലാം കാലത്തിന് മുമ്പേ സഞ്ചരിച്ച ചിത്രമായിരുന്നു ഉറുമി.
വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ഉറുമി പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് ഉറുമി അതിൻ്റെ തായ പ്രേക്ഷകരിലേക്ക് എത്തി. ഇന്ന് സിനിമാ പ്രേമികള്‍ക്കിടയിലൊരു കള്‍ട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് ഉറുമി. സന്തോഷ് ശിവൻ്റെ ഫ്രെയ്മുകളും ദീപക് ദേവിൻ്റെ സംഗീതവും താരങ്ങളുടെ പ്രകടനവുമെല്ലാം ഇന്ന് ചര്‍ച്ചകളില്‍ നിറയാറുണ്ട്.
ഉറുമിയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍. ഉറുമിയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ പൂര്‍ത്തിയായതായും ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു.
”എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മള്‍ മറന്നു പോയ, മലയാളികള്‍ക്ക് അറിയാമായിരുന്ന ഒരു സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരാണ്. അതിൻ്റെ പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്. അതിലൊന്നിൻ്റെ തിരക്കഥ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. 12 വര്‍ഷമെടുത്തു എഴുതാന്‍. എഴുതിക്കഴിഞ്ഞു. ഇനി അഭ്രപാളിയിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിൻ്റെ പിന്നിലാണ്.” എന്നാണ് അദ്ദേഹം പറയുന്നത്.
”ഉറുമിയ്ക്ക് ശേഷമുള്ള 100 വര്‍ഷത്തെ കേരളം ആണ് അതിൻ്റെ പശ്ചാത്തലം. അതിൻ്റെ പ്രൊഡക്ഷനും റിസര്‍ച്ചുമൊക്കെ നടക്കുകയാണ്. വടകരയാണ് ലൊക്കേഷന്‍. അതിനായി 25 ഏക്കറില്‍ ഒരു ലാന്റ്‌സ്‌കേപ്പ് ഒക്കെ കണ്ടുവച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയിട്ടുള്ള കാസ്റ്റിങ്, കോസ്റ്റിയും ഡിസൈനിങ് തുടങ്ങിയ പ്രൊസസുകളിലാണ് ഇപ്പോള്‍” എന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.
Be the first to comment