‘കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനം, അവരുടെ കാര്യക്ഷമത നേരിട്ടു കണ്ടു’;പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയില്‍ അഭിമാനമുണ്ടെന്നും കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം അവ എത്രത്തോളം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരിട്ട് കണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി എന്നത് പ്രശ്‌നമേ ആയിരുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരേയും വീടില്ലാതായവരേയും ഉപജീവനത്തിന് മാര്‍ഗമില്ലാതായവരേയുമെല്ലാം സഹായിക്കുന്നതില്‍ ഓരോ വ്യക്തിയും പങ്കുകൊണ്ടെന്നും പ്രിയങ്ക പറഞ്ഞു.

”വേദനയ്ക്കും കഷ്ടപ്പാടിനും ഇടയില്‍ പഞ്ചായത്ത് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയും അവരുടെ കാര്യക്ഷമതയും സമര്‍പ്പണവും എല്ലാം താന്‍ കണ്ടതാണ്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനാധിപത്യം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ മഹാത്മാഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് 1980 കളില്‍ രാജീവ് ഗാന്ധി പഞ്ചായത്തീ രാജ് കൊണ്ടു വന്നത്”, പ്രിയങ്ക പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സ്മാര്‍ട്ട് അംഗനവാടി, അതിരാട്ടുകുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, ഇരിതിലോട്ടുകുന്നു ചെക്ക് ഡാം എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

രണ്ടാമത്, പഞ്ചായത്ത് അംഗങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് കണ്ടത് വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിടെയാണെന്നും പ്രിയങ്ക പറഞ്ഞു. ആശവര്‍ക്കര്‍മാരുടേയും അങ്കണവാടി ജീവനക്കാരുടേയും പ്രശ്‌നങ്ങള്‍ തനിക്ക് അറിയാമെന്നും അവര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ എംപിമാരും കൂട്ടായി ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, വേതനം അനുവദിക്കുന്നതിലെ കാലതാമസം എന്നിവ പാര്‍ലമെന്റില്‍ എംപിമാര്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്ക് ശരിയായ ജലസേചന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രിയങ്ക റോഡ് മാര്‍ഗമാണ് വയനാട്ടിലേയ്ക്ക് എത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*