പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*