നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ജയിലർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അടുത്ത വർഷമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ദീപാവലിയോടനുബന്ധിച്ച് സിനിമയുടെ ബിഹൈൻഡ് ദ് സീൻസ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
വമ്പൻ ക്യാൻവാസിലാണ് ചിത്രമെത്തുന്നത് എന്നാണ് ബിടിഎസ് നൽകുന്ന ആദ്യ സൂചനകൾ. രജിനിക്കൊപ്പം, അനിരുദ്ധ് രവിചന്ദർ, സംവിധായകൻ നെൽസൺ തുടങ്ങിയവരെയും ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ കാണാൻ കഴിയും. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് വിഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴിലെ ഏറ്റവും വലിയ ഓപ്പണിങ് ആകാൻ സാധ്യതയുള്ള അപ്കമിങ് പ്രൊജക്ടാണ് ജയിലർ 2. ആദ്യ ഭാഗം പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.



Be the first to comment