വിലക്കിയ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. മുന്‍നിശ്ചയിച്ച പ്രകാരം എല്ലാസിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധസമീപനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

പലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങള്‍ ഉള്‍പ്പെടെ പത്തൊന്‍പതോളം സിനിമകള്‍ക്ക് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റിവര്‍സ്റ്റോണ്‍, ബാറ്റില്‍ഷിപ് പൊട്ടംകിന്‍, വണ്‍സപ്പോണ്‍ എ ടൈം ഇന്‍ ഗാസ, പലസ്തീന്‍ 36, യെസ്, റ്റിംബക്റ്റൂ, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയ സിനിമകള്‍ക്കാണ് സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കുന്ന എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് ചിത്രങ്ങള്‍ സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്.

ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുടങ്ങിയവരും രംഗത്തെത്തി. രാജ്യം അപകടകരമായ അവസ്ഥയിലേക്കു പോകുന്നു എന്നതിന്റെ തെളിവാണിതെന്നും ഒരു കൂട്ടം ഭ്രാന്തന്മാരാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും എം.എ.ബേബി പ്രതികരിച്ചു. അതേസമയം, കൊല്‍ക്കത്തയില്‍ സമാനമായ അവസ്ഥയുണ്ടായപ്പോള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മമത കാട്ടിയ ധൈര്യം പിണറായി വിജയനും കാട്ടണമെന്നും സംവിധായകന്‍ ടിവി ചന്ദ്രന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*