കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു; തൃണമൂല്‍ മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്ക് നേരെ ബലാത്സംഗഭീഷണി

തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തിക്കുനേരെ ബലാത്സംഗഭീഷണിയും അശ്ലീലസന്ദേശങ്ങളും. കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലപാതകത്തിന് ഇരയായ സംഭവത്തില്‍ മിമി ചക്രബർത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബലാത്സംഗഭീഷണി ലഭിച്ചിരിക്കുന്നത്. ഇരയായ ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ മിമി പലകുറി പ്രത്യക്ഷപ്പെട്ടിരുന്നു.

ബലാത്സംഗഭീഷണയും അശ്ലീലസന്ദേശങ്ങളും ലഭിച്ച കാര്യം എക്സിലൂടെ മിമി തന്നെയാണ് ലോകത്തെ അറിയിച്ചത്. നമ്മള്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് വാദിക്കുന്നു അല്ലെ? ഇത് അവയില്‍ ചിലത് മാത്രമാണ്. സ്ത്രീകള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ച് ബലാത്സംഗഭീഷണികള്‍പോലും സാധാരണമാക്കി ചിത്രീകരിക്കുകയാണ് പുരുഷന്മാർ. എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് ഇത് അനുവദിക്കുന്നത്, മിമി ചോദിച്ചു. കൊല്‍ക്കത്ത സൈബർ ക്രൈം ഡിപാർട്ട്മെന്റിനെ ടാഗ് ചെയ്താണ് പോസ്റ്റ്.

ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ മിമി നേരിട്ട് പങ്കെടുത്തിരുന്നു. മിമിക്ക് പുറമെ അഭിനേതാക്കളായ റിദ്ധി സെൻ, അരിന്ദം സില്‍, മധുമിത സർകാർ എന്നിവരും ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*