തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദം. രാജ്യസഭയും ലോക്‌സഭയും തടസപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എസ്‌ഐആര്‍ വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു.

സഭ സമ്മേളിക്കുന്നതിന് മുമ്പായി,സഭാ കവാടത്തില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ പ്രതിഷേധിച്ചു.രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി മല്ലികര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

എസ്‌ഐആറില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസുകള്‍ ലോക്‌സഭാ അധ്യക്ഷന്‍ ഓം ബിര്‍ള തള്ളിയതോടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. രാജ്യസഭയിലും ഇന്ന് പ്രതിപക്ഷം എസ്‌ഐആറില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ പ്രതിഷേധം അവസാനിപ്പിക്കാം എന്ന് മല്ലികര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഉടന്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം സമയം തീരുമാനിക്കാം എന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ഇരു സഭകളിലും അറിയിച്ചു. പ്രതിപക്ഷം ബഹളം തുടര്‍ന്നുതോടെ ഇരു സഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*