മണ്ഡല- മകരവിളക്ക് കാലത്ത് കീഴ്ശാന്തിമാരില്‍ വിജിലന്‍സിന്റെ കര്‍ശനനിരീക്ഷണമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ശബരിമല: മണ്ഡല- മകരവിളക്ക് കാലത്ത് കീഴ്ശാന്തിമാരില്‍ വിജിലന്‍സിന്റെ കര്‍ശനനിരീക്ഷണമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലുള്ളവരെ ഒഴിവാക്കും. കീഴ്ശാന്തിമാരില്‍ വിജിലന്‍സിന്റെ കര്‍ശനനിരീക്ഷണമുണ്ടാകുമെന്നും ഇനി എല്ലാ കാര്യത്തിലും വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടമുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയിലെ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടി എടുക്കാനുകുകയുള്ളു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘മണ്ഡല മകരവിളക്ക് ദര്‍ശനത്തിനായി 16ന് വൈകുന്നേരം നട തുറക്കും. അതിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാകുക. മരാമത്ത് പണി അതിന്റെ അവസാനഘട്ടത്തിലാണ്. മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നന്നായി പോകുന്നു. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും നടപടി ബോര്‍ഡിന് കൈക്കൊള്ളാനാവൂ.

മണ്ഡല- മകരവിളക്ക് കാലത്ത് കുറെപ്പേരെയെങ്കിലും ശാന്തിക്കാരായി ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുക്കും. ഇനി അഞ്ചുദിവസം മാത്രമേയുള്ളൂ അതുകൊണ്ടുതന്നെ മുഴുവന്‍ മാരെയും മാറ്റല്‍ സാധ്യമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുള്ള ആളുകള്‍ പല മേല്‍ശാന്തിമാരുടെയും ആളുകളായി വന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. ഇനി എല്ലാ കാര്യങ്ങളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എസ്പിയുടെ കൃത്യമായ നീരീക്ഷണം ഉണ്ടാകും. അവിടെ നിയമിക്കുന്ന കീഴ്ശാന്തിമാരുടെ കാര്യത്തില്‍ എല്ലാകാര്യങ്ങളും പരിശോധിച്ചാവും നിയമനം. അത് മേല്‍ശാന്തിമാരുടെതായാലും തന്ത്രിയുടെ കീഴ്ശാന്തിയായാലും’- പിഎസ് പ്രശാന്ത് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*