വാതില്‍ തുറന്നിട്ടിരുന്നോ എന്ന് പരിശോധിക്കും, സുവോളജിക്കല്‍ പാര്‍ക്കില്‍ മാനുകള്‍ ചത്തതില്‍ ജീവനക്കാരുടെ വീഴ്ച തള്ളാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പരിശോധിക്കുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്ചര്‍ മയോപ്പതി എന്ന അവസ്ഥയാണ് മാനുകളുടെ മരണത്തിന് കാരണമായത്. നായകളുടെ ആക്രമണത്തില്‍ വിറളി പൂണ്ടതും ഭയന്നതും ശ്വാസം കിട്ടാതായതും മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ വാതില്‍ തുറന്നിട്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. പരിഭ്രാന്തിയില്‍ ചുവരിലും കമ്പിയിലും ഇടിച്ചാണ് മാനുകള്‍ ചത്തത്. സംഭവത്തില്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പാര്‍ക്കിലേക്ക് തെരുവുനായ്ക്കള്‍ കടക്കാതിരിക്കാനുളള സജീകരണങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും പറയുന്നുണ്ട്. സുരക്ഷാ പഴുതുകള്‍ പരിഹരിക്കുമെന്നും മാന്‍കൂട്ടിലും സിസിടിവി കാമറയ്ക്ക് ശുപാര്‍ശ നല്‍കുമെന്നും പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, വനം വിജിലന്‍സ് വിഭാഗം സിസിഎഫ് ജോര്‍ജി പി മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരാണ് അംഗങ്ങള്‍. പാര്‍ക്കില്‍ ആകെയുണ്ടായിരുന്ന 21 മാനുകളില്‍ പത്തെണ്ണമാണ് ചത്തത്. തിങ്കളാഴ്ച ഒരു കേഴമാനിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും രണ്ട് നായ്ക്കളെയും പിടികൂടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*