‘പിണറായിസം അവസാനിപ്പിക്കും, ആര് മത്സരിച്ചാലും നിലമ്പൂരിൽ ജയം യുഡിഎഫിന്’: പി വി അൻവർ

പിണറായിസത്തിനെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂർ തിരഞ്ഞെടുപ്പെന്ന് പി വി അൻവർ. പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.ആര് മത്സരിച്ചാലും യുഡിഎഫ് ജയിക്കും. വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ പറഞ്ഞു.

പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാൻ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും. പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്.

യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി. ആരാകണം യുഡിഎഫ് സ്ഥാനാർഥിയെന്ന് താൻ പറയില്ലെന്ന് പി.വി.അൻവർ പ്രതികരിച്ചു. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവർക്കാണെന്നും സങ്കീർണ്ണമായ ഒരു വിഷയം കൂടുതൽ സങ്കീർണ്ണമാക്കുന്നില്ലെന്നും അൻവർ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളുടെ മനസില്‍ വേദന നല്‍കിയ സമരമാണ് ആശ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ 100 രൂപ കൂട്ടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരായി വന്ന് പരിപൂര്‍ണമായി ഇത്രയും പെട്ടെന്ന് കോര്‍പ്പറേറ്റിസത്തിലേക്ക് നീങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലോകത്തെവിടെയും കാണില്ലെന്നും അന്‍വര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*