
കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍ രംഗത്ത്. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു. പക്ഷേ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും എന്ത് തെറ്റാണ് ചെയ്തതെന്നും പി വി അന്‍വര്‍ ചോദിച്ചു. കാലുപിടിക്കുമ്പോള്‍ യുഡിഎഫ് തന്റെ മുഖത്ത് ചവിട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരെ നിരവധി ഒളിയമ്പുകളാണ് അന്‍വര്‍ തൊടുത്തുവിട്ടത്. ബസിന്റെ വാതില്‍പ്പടിയില്‍ ക്ലീനര്‍ക്കൊപ്പം യാത്ര ചെയ്യാമെന്ന് സമ്മതിച്ചിട്ടും അത് പോലും പൊതുസമൂഹത്തോട് യുഡിഎഫ് പറയുന്നില്ലെന്നാണ് അന്‍വറിന്റെ പരാതി. കെ സുധാകരന്‍ ഇവിടെ വന്നു കണ്ടു. രമേശ് ചെന്നിത്തല നിരന്തരം സംസാരിക്കുന്നുണ്ട്. താന്‍ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ യുഡിഎഫ് തന്നെ ദയാവധത്തിന് വിട്ട സ്ഥിതിയാണെന്നും തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് താനും തന്റെ പാര്‍ട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. കോണ്‍ഗ്രസിനോട് പൂര്‍ണമായി സഹകരിച്ചുനിന്ന മിന്‍ഹാജിനോട് നന്ദി പറയാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ല. അതെല്ലാം കണ്ടില്ലെന്ന് വച്ചു. പിണറായി ഭരണത്തിന്റെ അന്ത്യം കാണുക എന്ന ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിച്ചത്. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. നിലമ്പൂരില്‍ യുഡിഎഫിന് വോട്ട് നഷ്ടമാകാതിരിക്കാനാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
തനിക്ക് അധികാരത്തോട് കൊതിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതിനാലാണ് താന്‍ അധികാരങ്ങളെല്ലാം ഉപേക്ഷിച്ചത്. തന്റെ ജീവന് പോലും ഇപ്പോള്‍ സംരക്ഷണമില്ല. സ്റ്റാഫുകളില്ല. അന്നെ ധിക്കാരിയെന്നും അധികപ്രസംഗിയെന്നും വിളിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അധികപ്രസംഗിയാകുന്നത് എങ്ങനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment