‘മുസ്ലീം ലീഗിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു’;കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍

പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ നീക്കങ്ങള്‍ക്കിടെയാണ് അന്‍വര്‍ പികെ കുഞ്ഞകിക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. പിഎംഎ സലാമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് പികെ കുഞ്ഞാലിക്കുട്ടി എന്നതുകൊണ്ടാണ് അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചതെന്ന് പറഞ്ഞ അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി. താന്‍ ഇപ്പോഴും സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യവും പിന്തുണയുടെ കാര്യവും പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി കാണാന്‍ വന്നതാണ്. കണ്ടു, പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞു. തുടക്കം മുതലേ യുഡിഎഫുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചിരുന്ന വ്യക്തി അദ്ദേഹമാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സങ്കീര്‍ണതകളെ കുറിച്ച് കുഞ്ഞാലിക്കുട്ടിയോട് സംസാരിക്കുക എന്നത് ധാര്‍മിക ഉത്തരവാദിത്തമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. മത്സരിക്കുമോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ പറയും. മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയും നേതാക്കളും തുടക്കം മുതല്‍ വളരെ പോസറ്റീവായാണ് ഞാന്‍ എടുത്ത രാഷ്ട്രീയ നിലപാടിനോട് പ്രതികരിച്ചത്. നമ്മളോട് സ്‌നേഹവും താത്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് വിഷയങ്ങള്‍ ധരിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി – പി വി അന്‍വര്‍ പറഞ്ഞു.

യുഡിഎഫിന്റെ ഘടകകക്ഷിയാക്കുന്നതില്‍ രണ്ടുദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സര രംഗത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ പിവി അന്‍വറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം അന്‍വറുമായി ഇന്നലെ ചര്‍ച്ച നടത്തിയെന്നും യുഡിഎഫിന് കിട്ടുന്ന മുതല്‍ക്കൂട്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു. യുഡിഎഫിന്റെ ഭാഗമാകും എന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളെത്രയായെന്നായിരുന്നു സുധാകരനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്‍വറിന്റെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*