
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ വിമർശനം. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല.
ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിൻ്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെ’ന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ‘ഇന്റർനാഷണൽ ക്രിമിനൽ കോടതി അല്ലെങ്കിൽ ഐസിസി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു’ എന്ന രൂക്ഷവിമർശനമാണ് ഷെയ്ഖ് മുഹമ്മദ് ഉന്നയിച്ചത്.
ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിൻ്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിൻ്റെ പ്രതികരണം. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിൻ്റെ ഭീഷണി.
Be the first to comment