തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.
പാളയത്ത് മുന്‍ അത്‌ലറ്റ് പദ്മിനി തോമസും തമ്പാനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ പിഎസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം ആര്‍ ഗോപനെയും ബിജെപി രംഗത്തിറക്കി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.
സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം ബിജെപിയില്‍ രൂക്ഷമായിരുന്നു. തര്‍ക്കത്തിനൊടുവില്‍ നേമം ഏരിയാ പ്രസിഡന്റ് ചുമതലയില്‍ നിന്നും എം ജയകുമാര്‍ രാജിവെച്ചിരുന്നു. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍ ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു രാജി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇത് വ്യക്തമാകുകയും ചെയ്തു.
നഗരസഭാ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡിലുള്ള ഒരാള്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജയകുമാര്‍ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ഉയര്‍ന്നെങ്കിലും ഗോപനെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.



Be the first to comment