ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ആര്‍ ശ്രീലേഖ. കണ്ഠരര് രാജീവരെ 30 വര്‍ഷത്തിലേറെയായി അറിയാം. അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും തന്ത്രി ചെയ്യില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ശ്രീലേഖ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.
കേസിന്റെ പോക്കില്‍ ഉള്‍പ്പെടെ സംശയം പ്രകടപ്പിക്കുന്ന നിലയിലായിരുന്നു പോസ്റ്റ്. കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഭക്തജനങ്ങള്‍ കണ്ണ് തുറന്നൊന്നു കാണാന്‍ അപേക്ഷിക്കുന്നു. അന്വേഷണം ആരംഭിച്ച് നാളുകളായിട്ടും എവിടെയാണ് ഭഗവാന്റെ സ്വര്‍ണ്ണം? അത് പോലും പിടിച്ചെടുക്കാതെ ആര്‍ക്കു വേണ്ടിയാണ്, ആചാരലംഘനം നടത്തിയെന്ന് പറഞ്ഞുള്ള ഈ അറസ്റ്റ് എന്നുമായിരുന്നു പോസ്റ്റിലെ ഉള്ളടക്കം.
മന്ത്രി ആയാലും തന്ത്രി ആയാലും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ പിടിക്കപ്പെടണം എന്നും നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോകണം എന്നുമായിരുന്നു അറസ്റ്റിനോട് പ്രതികരിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ നടത്തിയ പ്രതികരണം. ഇതിനിടെയാണ് ആര്‍ ശ്രീലേഖ തന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയത്.



Be the first to comment