ഡല്‍ഹി സ്‌ഫോടനം: ആശങ്കാജനകമെന്ന് രാഹുൽ, ഹൃദയഭേദകമെന്ന് പ്രിയങ്ക; പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍. സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു.

സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രിയങ്ക എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാക്കള്‍ക്ക് ദൈവം ശാന്തി നല്‍കട്ടെയെന്നും പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

സംഭവം അത്യന്തം ദുഖകരമാണെന്നും സര്‍ക്കാര്‍ സമഗ്രമായി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഡൽഹിയിലെ സുരക്ഷയിൽ ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‍വി രം​ഗത്തെത്തി. ഇതാണോ ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡൽഹിയെന്ന് അദേഹം ചോദിച്ചു. ആവർത്തിക്കുന്ന സുരക്ഷാവീഴ്ച സർക്കാരിന്റെ നിസ്സംഗതയുടെ തെളിവാണെന്ന് അഭിഷേക് സിങ്‍വി പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്ര സ്ഫോടനം സംഭവിച്ചത്. 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മുപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സാവാധാനത്തിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനത്തിലേക്ക് തീ പടർന്നു. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന പുരോ​ഗമിക്കുകയാണ്. എൻഐഎ, എൻഎസ്ജി സംഘങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*