
രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സമീപകാല പ്രസ്താവനകൾ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി സംസാരിച്ച ആറ്റംബോംബും വി ഡി സതീശന്റെ ബോംബും വെറും ചീറ്റിയ പടക്കങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു വിഷയത്തിലും കാര്യമായ നിലപാട് എടുക്കാതെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ താൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കഴിഞ്ഞ തവണ ഒരു സർക്കാർ പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി നടത്തിയ ചില പ്രസ്താവനകൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. കൂടാതെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ ഔദ്യോഗികമായി ക്ഷണിച്ചാൽ പരിപാടികളിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
നടൻ കൃഷ്ണകുമാറിനെതിരെയുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിൽ, കൃഷ്ണകുമാർ തനിക്ക് വളരെ അടുത്ത സുഹൃത്താണെന്നും എന്നാൽ ആരോപണങ്ങളെക്കുറിച്ച് താൻ അധികം പ്രതികരിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് ഒരു കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ നിയമം അതിൻ്റേതായ വഴിക്കു പോകട്ടെ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.
Be the first to comment