ഒരൊറ്റ വീട്ടിൽ 947 വോട്ടർമാർ, ബിഹാർ വോട്ടർ പട്ടികയിൽ വൻ ക്രമക്കെട്; പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി

ബിഹാറിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പര്‍ ആറില്‍ ഏകദേശം 947 വോട്ടര്‍മാരെ ചേര്‍ത്തതായി പാര്‍ട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു കോണ്‍ഗ്രസ് ഇക്കാര്യം ആരോപിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.

കോണ്‍ഗ്രസിൻ്റെ എക്‌സിലെ കുറിപ്പ് പങ്കുവെച്ച് പരിഹാസവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ജാലവിദ്യ കാണൂ. ഒരു ഗ്രാമത്തെ മുഴുവന്‍ ഒരു കെട്ടിടത്തിനുള്ളിലാക്കിയിരുന്നു, രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവന്‍ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കിയെന്നാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വീട്ടുനമ്പറുകള്‍ ഒഴിവാക്കുന്നത് ദുരുപയോഗത്തിന് വഴിവെക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സുതാര്യതയുടെ പേരിലുള്ള തമാശയാണ്. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വിശദീകരണം നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*