‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം’; ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധി

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ​ഗാന്ധി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിക്കുന്നു എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മിഡിൽ ഈസ്റ്റിലുള്ള മലയാളികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയിൽ കെ സുധാകരൻ എംപി ആശങ്ക രേഖപ്പെടുത്തി. പ്രശ്നബാധിത മേഖലകളിലെ ഇന്ത്യക്കാരെ ഉടൻ മടക്കി എത്തിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കെ സുധാകരൻ കത്തയച്ചു.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണം. മിഡിൽ ഈസ്റ്റിൽ 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിക്കണമെന്നും സുതാര്യമായ ആശയവിനിമയം ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി നടത്തണമെന്നും കെ സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. അതേസമയം മേഖലകളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം കേരളീയർക്കായി നോർക്ക റൂട്ട്സ് ഹെൽപ്പ്ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

സഹായം ആവശ്യമുളള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെൽപ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*