‘രാജ്യം മുഴുവന്‍ നീതിക്കായി കാത്തിരിക്കുന്നു’ ; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കര്‍നാളിലുള്ള വിനയ് നര്‍വാളിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ബി കെ ഹരിപ്രസാദ്, ഉദയ് ബന്‍, ദീപേന്ദര്‍ സിങ് ഹൂഡ, ദിവ്യാന്‍ശു ബുദ്ധിരാജ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറോളം രാഹുല്‍ ഗാന്ധി കുടുംബത്തോടൊപ്പം ചിലവഴിച്ചു.

പഹല്‍ഗാം ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ലഫ്റ്റ്‌നറ്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചുവെന്നും അനുശോചനമറിയിച്ചുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അഗാധമായ ദുഃഖത്തിനിടയിലും വിനയ് നര്‍വാളിന്റെ കുടുംബത്തിന്റെ ധീരതയും ധൈര്യവും രാജ്യത്തിനുള്ള സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. രാജ്യം മുഴുവന്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഇന്ത്യയെ ആരും തൊട്ട്‌നോക്കാന്‍ പോലും ധൈര്യപ്പെടാത്ത വിധം ശിക്ഷ ആക്രമണത്തിന്റെ പിന്നിലുള്ള കുറ്റവാളികള്‍ക്ക് നല്‍കണം. അതില്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ട്. ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം, മുഴുവന്‍ രാജ്യവും ഇന്ന് നീതിക്കായി കാത്തിരിക്കുകയാണ് – രാഹുല്‍ ഗാന്ധി കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*