
ന്യൂഡൽഹി: ഒഡിഷയിൽ കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രൊഫസറുടെ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനം.
പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ രാജ്യത്തെ പെൺകുട്ടികൾ കത്തി മരിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ മൗനമല്ല രാജ്യത്തിന് വേണ്ടതെന്നും, ഉത്തരങ്ങളാണ് തരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭുവനേശ്വറിലെ എയിംസിൽ പ്രൊഫസറുടെ ലൈംഗിക പീഡനത്തെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ബാലസോറിലെ ഫക്കീർ മോഹൻ കോളജിലെ രണ്ടാം വർഷ ഇൻ്റഗ്രേറ്റഡ് ബി.എഡ് വിദ്യാർഥിനിയാണ് പീഡനത്തിരയായതും ആത്മഹത്യ ചെയ്തതും. 95 ശതമാനം പൊള്ളലേറ്റ വിദ്യാർഥിനിക്ക് സാധ്യമായ എല്ലാ ചികിത്സ നൽകിയിട്ടും രക്ഷിക്കാനായില്ല. മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ജൂലൈ 14 തിങ്കളാഴ്ച രാത്രി 11:46 ഓടെ മരിച്ചു.
ഒഡിഷയിൽ നീതിക്കുവേണ്ടി പോരാടിയ പെൺകുട്ടിയുടെ മരണം “ബിജെപി ഭരണത്തിൻ്റെ നേരിട്ടുള്ള കൊലപാതകം” ആണെന്ന് രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു. “ധീരയായ ആ വിദ്യാർഥിനി ലൈംഗിക ചൂഷണത്തിനെതിരെ ശബ്ദമുയർത്തി, എന്നാൽ നീതിക്കു പകരം അവർ നിരന്തരം ഭീഷണികള്‍ നേരിടേണ്ടി വന്നു, പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംരക്ഷിക്കേണ്ടവർ അവളെ അടിച്ചമർത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.
“എല്ലാ തവണയും, ബിജെപി സംവിധാനം പ്രതികളെ സംരക്ഷിക്കുന്നത് തുടരുന്നു, നിരപരാധിയായ പെൺകുട്ടിയെ സ്വയം തീകൊളുത്താൻ നിർബന്ധിച്ചു,” അദ്ദേഹം പറഞ്ഞു. “ഇത് ആത്മഹത്യയല്ല, സംഘടിത കൊലപാതകമാണ്,” രാഹുല്‍ ഗാന്ധി ആരോപിച്ചു. “മോദി ജി, അത് ഒഡിഷയായാലും മണിപ്പൂരായാലും – രാജ്യത്തെ പെൺമക്കൾ കത്തി മരിക്കുകയാണ്, തകർന്നുവീഴുകയാണ്, നിങ്ങൾ നിശബ്ദത പാലിക്കുകയാണോ? രാജ്യത്തിന് നിങ്ങളുടെ നിശബ്ദത ആവശ്യമില്ല, ഉത്തരങ്ങളാണ് വേണ്ടത്,” -രാഹുല്‍ ഗാന്ധി പോസ്റ്റില്‍ പറഞ്ഞു.
Be the first to comment