
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് തിരിച്ചടിയായ ട്രംപിൻ്റെ എച്ച്-1ബി വിസ ഫീസ് വർധനവിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഒറ്റയടിക്ക് വിസ ഫീസ് ഒരു ലക്ഷം ഡോളര്‍ (90 ലക്ഷത്തോളം രൂപ) ആക്കിയ ട്രംപിൻ്റെ തീരുമാനത്തോടും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ട്രപിൻ്റെ പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെ അമേരിക്കന്‍ കമ്പനികളില്‍ ഇന്ത്യൻ തൊഴിലാളികള്‍ ചെലുത്തുന്ന സ്വാധീനം എടുത്തുകാണിക്കുന്ന റിപ്പോർട്ട് മൈക്രോ-ബ്ലോഗിങ് സൈറ്റായ എക്‌സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി മോദിയോടുള്ള തൻ്റെ വിമർശനം രേഖപ്പെടുത്തിയത്. ‘ഇന്ത്യയ്ക്ക് ഒരു ദുർബല പ്രധാനമന്ത്രിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് മോദിയെ വിമർശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ പോസ്‌റ്റ് ഷെയര്‍ ചെയ്‌തത്.
എച്ച്-1ബി പ്രോഗ്രാമിന് കീഴിൽ തൊഴിലാളികളെ നിയമിക്കുന്ന യുഎസ് കമ്പനികൾക്ക് മേല്‍ 4,500 യുഎസ് ഡോളറില്‍ നിന്ന് 1,00,000 യുഎസ് ഡോളർ ആയി ഫീസ് കുത്തനെ ഉയര്‍ത്തി കൊണ്ടുള്ള ഉത്തരവിൽ പ്രസിഡൻ്റ് ട്രംപ് വെള്ളിയാഴ്‌ചയാണ് ഒപ്പുവച്ചത്. പുതിയ നിയമപ്രകാരം, വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാർക്ക് വേണ്ടി തൊഴിലുടമയായ കമ്പനിയാണ് ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അടയ്‌ക്കേണ്ടത്. നിലവിലുള്ള രജിസ്ട്രേഷൻ ഫീസ്, ഫോം I-129 ചാർജ് തുടങ്ങിയ ഫീസുകൾക്ക് പുറമെയാണ് ഈ ഭീമമായ തുക നൽകേണ്ടത്.
തൊഴിലുടമകൾക്കുള്ള ഫീസ് വർധനവ് എച്ച്-1ബി വിസ ഉടമകളായി യുഎസിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കുള്ള എച്ച്-1ബി വിസ ഫീസ് വർധനവിന് ഒപ്പം ഗോൾഡ് കാർഡ് വിസയും ട്രംപ് അവതരിപ്പിച്ചു. യുഎസ് പൗരത്വത്തിലേക്കുള്ള സാധ്യമായ മാർഗമായാണ് ഒരു മില്ല്യണ്‍ ഡോളറിൻ്റെ വിസ അവതരണമെന്ന് ട്രംപ് ഉടന്‍ തന്നെ വ്യക്തമാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഡാറ്റ പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ 191,000 ഇന്ത്യക്കാർക്ക് എച്ച്-1ബി വിസകൾ ലഭിച്ചപ്പോൾ, 2024 സാമ്പത്തിക വർഷത്തിൽ ആകെ 207,000 ഇന്ത്യക്കാർക്ക് എച്ച്-1ബി വിസകൾ ലഭിച്ചു. കമ്പനിയുടെ വലുപ്പവും തൊഴിൽ ശക്തി ഘടനയും ഫീസില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന്‍ ഫീസ് 215 ഡോളര്‍, ഫയലിങ് 460 ഡോളര്‍, ആൻ്റി-ഫ്രോഡ് 500 ഡോളര്‍, അധിക തൊഴിലുടമ ഫീസ് 4,000 ഡോളര്‍ എന്നിവ എച്ച്-1ബി വിസയുടെ നിലവിലുള്ള ചെലവുകളിൽ ഉൾപ്പെടുന്നു.
Be the first to comment