ജനനായകൻ സെൻസർ ബോർഡ് വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദിയുടെ നീക്കം നടക്കില്ല. സർട്ടിഫിക്കറ്റ് തടഞ്ഞത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം കരൂർ കേസിലെ സിബിഐ മൊഴിയെടുപ്പിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈയിലെത്തി. അടുത്തയാഴ്ച വീണ്ടും വിജയ് സിബിഐ മുൻപാകെ ഹാജരാകും. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ ചോദ്യങ്ങൾക്ക് വിജയ് കൃത്യമായ മറുപടി നൽകിയെന്ന് ടിവികെ നേതാവ് സിടിആർ നിർമൽ കുമാർ പ്രതികരിച്ചു.
ഇന്നലെ നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്‌യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം. ദുരന്തത്തിൽ സർക്കാരിനും പൊലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും സിബിഐ ആരാഞ്ഞു. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചില്ല
നേരത്തെ, ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ നേതാക്കളെ, സിബിഐ പലവട്ടം ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധനയ്ക്ക് ശേഷം, ഉപാധികളോടെ വിട്ടുനല്‍കി. 2025 സെപ്റ്റംബര്‍ 24നാണ് കരൂരിലെ വിജയുടെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.



Be the first to comment