‘അമേരിക്ക പറയുന്നതാണ് പ്രധാനമന്ത്രി ചെയ്യുന്നത്; കര്‍ഷകരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നില്ല’; രാഹുല്‍ ഗാന്ധി

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്ക പറയുന്നതാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കര്‍ഷകരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി മോദി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടപ്പിലാക്കുന്നത് പ്രധാനമന്ത്രിയുടെ വ്യക്തിഗത വിദേശനയം. അതിന്റെ ഫലം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതൊരു സാര്‍വത്രിക തമാശയാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കഴിയില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൃത്യമായി അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്താല്‍ നമ്മുടെ വിദേശനയവും വിട്ടുവീഴ്ച ചെയ്യുന്നത് പോലെയാകും. അത് വ്യക്തമാണ് – അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രചാരണ പരിപാടിയുള്ളതിനാല്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, പശ്ചിമഏഷ്യയിലെ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ മേഖലയില്‍ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘര്‍ഷ സമയത്തും ഇന്ത്യയുടെ കപ്പലുകള്‍ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു.

എല്‍പിജിയുടെ ആഭ്യന്തര ഉത്പാദനം കൂട്ടുമെന്നും രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുന്‍പ് 27 രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. നിലവില്‍ 41 രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വൈവിധ്യവല്‍ക്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*