പാലക്കാട് സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസിന്റെ പൊതുപരിപാടികളിൽ പങ്കെടുത്തു

കോൺഗ്രസിന്റെ പൊതുപരിപാടികളിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ണാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ പരിപാടികളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്.വാർഡുകളിലെ പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎ വരുന്ന വിവരം അവസാന നിമിഷമാണ് അറിയിച്ചത്.

പാലക്കാട് നിയോജകമണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നീക്കം. പാലക്കാട് നാളെ നടക്കുന്ന റോഡ് ഉദ്ഘാടനത്തിന്റെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച പൂഴികുന്നം റോഡ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. എന്നാൽ എല്ലാവരെയും അറിയിച്ച് പരസ്യമായി രാഹുൽ ഔദ്യോഗിക പരിപാടിക്ക് എത്തിയാൽ തടയുമെന്നാണ് ഡിവൈഎഫ്ഐ നിലപാട്.

കഴിഞ്ഞദിവസവും പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് ഉൾപ്പടെ രഹസ്യമായി സൂക്ഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആർടിസി ബംഗളൂരു ബസ് രാഹുൽ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.

ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*