ബലാത്സംഗ കേസുകളില്‍ നിയമ നടപടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ സാധ്യത. പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി അറസ്റ്റ് അടക്കം നേരിട്ടെങ്കിലും രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളും രാഹുലുമായി അടുത്ത കേന്ദ്രങ്ങളും പറയുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത് രാഹുല്‍ ശക്തനായ സ്ഥാനാര്‍ഥിയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാഹുല്‍ പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ നിര്‍ദേശം അനുസരിച്ച് രാഹുലിനെ അനുകൂലിക്കുന്ന വിഭാഗമാണ് സര്‍വേ നടത്തിയതെന്നാണ് വിവരം.
അതേസമയം ബലാത്സംഗ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും രാഹുലിനെ മത്സരിപ്പിക്കില്ലെന്നാണ് നേതൃത്വം പറയുന്നത്. പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഉറച്ചതീരുമാനമാണിതെന്നും ഒരു മുതിര്‍ന്ന കെപിസിസി ഭാരവാഹി പറഞ്ഞു. എന്നാല്‍ രാഹുല്‍ കുറ്റവിമുക്തനാക്കിയാല്‍ തീരുമാനം പുനഃപരിശോധനയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തീരുമാനം അനുസരിക്കുകയും നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പായാല്‍ മാത്രമേ ഇതിനുള്ള സാധ്യതയുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പ്രമോട്ട് ചെയ്യുന്നതിന് ഒരു പിആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ നീക്കങ്ങള്‍ കെപിസിസിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗക്കേസില്‍ പ്രതിയാണെങ്കിലും രാഹുലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അതുകൊണ്ട് തന്നെ രാഹുലിനെ അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാനാണ് യുഡിഎഫിന്റെ തീരുമാനവും.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ലെന്നാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ്വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന് വഴിതെളിക്കുമെന്നുമാണ് വിലയിരുത്തല്‍.
ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായതെന്ന് ചൂണ്ടിക്കാട്ടി, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസില്‍ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.



Be the first to comment