പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സ്ക്രീൻഷോട്ടുകളും പുറത്തുവന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ കഴിയില്ലെന്നും ആ നടപടി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട രാഹുൽ പരിപാടികളിലും സ്ഥാനാർഥി നിർണയത്തിലും പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതെല്ലാം സംഘടനാപരമായ കാര്യങ്ങളാണെന്നും കെപിസിസി പ്രസിഡൻ്റിനോട് ചോദിക്കണമെന്നുമായിരുന്നു സതീശൻ്റെ മറുപടി. സംഘടനാപരമായ കാര്യങ്ങൾക്ക് താൻ മറുപടി പറയില്ല. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതാണ്. ഒരേ കാര്യത്തിൽ ഒരു വ്യക്തിക്കെതിരെ രണ്ടു തവണ നടപടിയെടുക്കാൻ സാധിക്കില്ല. സസ്പെൻഷൻ നടപടി താൻ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആലോചിച്ചാണെന്നും സതീശൻ വ്യക്തമാക്കി. എഐസിസിയുടെ അനുമതിയോടെയാണ് കെപിസിസി നേതൃത്വം അച്ചടക്ക നടപടിയിലേക്ക് കടന്നത്. പാർട്ടിയുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന യുഡിഎഫ് നയവിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സ്ത്രീസുരക്ഷയ്ക്കു മുൻഗണന
സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനാണ് പാർട്ടി എപ്പോഴും മുൻഗണന നൽകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിൽ പോലും ആരോപണം ഗൗരവകരമായതിനാലാണ് പാർട്ടി ഉടൻ നടപടി സ്വീകരിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊന്നും ഇത്തരത്തിൽ ധീരമായ നിലപാട് സ്വീകരിക്കാൻ കഴിയില്ല. സിപിഎം എംഎൽഎമാർക്കെതിരെ ലൈംഗികാരോപണം വന്നപ്പോൾ പാർട്ടി അവരെ സംരക്ഷിക്കുകയാണുണ്ടായത്. എന്നാൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കില്ല. കേരളത്തിൽ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി സ്വന്തം നേതാവിനെതിരെ ഇത്രയും നിശ്ചയദാർഢ്യത്തോടെ നടപടിയെടുക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതും പാർട്ടിയുടെ നിർദേശപ്രകാരമാണ്. സമൂഹത്തിന് മാതൃകയാകുന്ന നടപടിയാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഗൂഢാലോചന ആരോപണം
നേരത്തെ താൻ വഴിവിട്ട് ചെറുപ്പക്കാരെ സഹായിക്കുന്നു എന്ന് പഴി കേട്ടെങ്കിലും ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. ഈ ചെറുപ്പക്കാരനെ തകർക്കാൻ വേണ്ടി താൻ ഗൂഢാലോചന നടത്തി എന്നാണ് ഇപ്പോഴത്തെ ചോദ്യം. രണ്ടും ഒരാൾക്ക് ചെയ്യാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ രാഹുലിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് രാഹുലിനെ പാർട്ടി അംഗത്വത്തിൽനിന്നും പാർലമെൻ്ററി പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.



Be the first to comment