മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ MLA ജയിൽ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
ജയിലിന് പുറത്ത് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ എത്തുകയും പോലീസുമായി സംഘർഷം ഉണ്ടാകുകയും ചെയ്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാഹുലിന്റെ അഭിഭാഷകൻ പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാൻ മാറ്റി.
അതേസമയം, 50000 രൂപയും രണ്ട് ആളുകളും ജാമ്യം നിൽക്കണം. മൂന്നുമാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ പത്തുമണിക്കും 12 മണിക്ക് ഇടയിൽ ഹാജരാക്കണം. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിന് മുമ്പാകെ എത്തണം. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. ഇങ്ങനെ അഞ്ച് ഉപാദികൾ വച്ചാണ് പത്തനംതിട്ട ജില്ല സെഷൻസ് കോടതി മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽമാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്.
രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ ഒരു വർഷവും ഒമ്പത് മാസവും വൈകിയെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തു. പരാതിക്കാരി വിദേശത്തായതിനാൽ ജാമ്യം കിട്ടിയാൽ രാഹുൽ ഭീഷണിപ്പെടുത്തുമെന്ന പ്രോസിക്യൂഷൻ വാദം കോടതിയിൽ നിലനിന്നില്ല.
എസ് ഐ ടി കസ്റ്റഡിയിൽ വേണ്ടതില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കുന്നു എന്ന് കോടതി പറഞ്ഞു. കേസിൽ നേരിട്ടുള്ള മറ്റു സാക്ഷികൾ ഇല്ലാത്തതും കോടതി പരിഗണിച്ചു. വിവാഹ വാഗ്ദാനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ ആക്ഷേപത്തിൽ കോടതി ചില സംശയങ്ങൾ ആരാഞ്ഞു. നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയും. പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹ ബന്ധം വേർപെടുത്താൻ നടപടികൾ സ്വീകരിച്ചിരുന്നില്ല എന്ന കാര്യവും കോടതി നിരീക്ഷിച്ചു.
പീഡനം നടന്ന സമയത്തിന് ശേഷവും എംഎൽഎയും ആയി പരാതിക്കാരി സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി പറഞ്ഞു. ബലാത്സംഗ കുറ്റം നിലനിൽക്കുന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കോടതി പറഞ്ഞു. അഭിഭാഷകരായ ശാസ്തമംഗലം അജിത്തിന്റെയും അഭിലാഷ് ചന്ദ്രന്റെയും നേതൃത്വത്തിൽ ആയിരുന്നു സെഷൻസ് കോടതിയിൽ രാഹുലിന്റെ വാദം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരികൃഷ്ണനാണ് ഹാജരായത്.



Be the first to comment