കണ്ണൂര്‍: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് വീണ്ടും സജീവ ചർച്ചയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇത്തരം തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് വിഴില്ലെന്നും വിഡി സതീശന് കണ്ണൂരില്‍ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ പാര്‍ട്ടിയുടെ നിലപാട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആ നിലപാടാണ് എല്ലാവരുടെയും നിലപാട്. എല്ലാവരുമായും കൂടിയാലോചന നടത്തിയാണ് കെപിസിസി പ്രസിഡന്റ് നേരത്തെ നടപടി പ്രഖ്യാപിച്ചതും ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയതും. ഈ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് ശബരിമലയിലെ കൊള്ള ഒഴിവാക്കാനുള്ള തന്ത്രം ആര് സ്വീകരിച്ചാലും ആ കെണിയില്‍ വീഴില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മോഷ്ടാക്കളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന സിപിഎമ്മിന് ഇത് ചോദിക്കാനുള്ള ഒരു ധാര്‍മ്മികതയുമില്ല. കോണ്‍ഗ്രസാണ് ജനങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നത്. ഞങ്ങളുടെ പ്രസ്ഥാനം നടപടി സ്വീകരിച്ചാണ് നില്‍ക്കുന്നത്. ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി.പി.എമ്മാണ്. ഞങ്ങള്‍ അഭിമാനബോധത്തോടെ തല ഉയര്‍ത്തിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാര്‍ അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചതിന് ജയിലില്‍ പോയിട്ടും അവര്‍ക്കെതിരെ സി.പി.എം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസില്‍ കോടതി ശിക്ഷിച്ച ആളെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഒരു ധാര്‍മ്മികതയുടെയും പ്രശ്നമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
നാട്ടില്‍ നീതിയും നിയമവും നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പിനു നേരെ ഗുണ്ടകളെയും ക്രിമിനലുകളെയും പോലെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുറ്റക്കാരനെന്നു കണ്ടെത്തി 20 വര്‍ഷം തടവിന് ശിക്ഷിച്ചവനെയാണ് മത്സരിപ്പിക്കുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും അവര്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന പാര്‍ട്ടി. ക്രിമിനലുകളെയും മോഷ്ടാക്കളെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അയ്യപ്പന്റെ ദ്വാരപാലക ശില്പം മോഷ്ടിച്ച് കോടീശ്വരന് വിറ്റവര്‍ക്ക് സിപിഎം കുടപിടിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഇരട്ടമുഖം ചര്‍ച്ച ചെയ്യപ്പെടും.
ഭാര്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ആന്തൂരില്‍ ദാസന് എന്ന കോണ്‍ഗ്രസ് നേതാവിനെ സി.പി.എം ക്രൂരമായി വെട്ടിക്കൊന്നത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമുള്ള ജില്ലയില്‍ എതിര് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയാണ് സിപിഎം.
സ്വന്തം ജില്ലയില്‍ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്ത മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് മറ്റു ജില്ലകളിലെത്തി ജനാധിപത്യം പഠിപ്പിക്കുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സി.പി.എമ്മിന് വേണ്ടി ഇത്രയും കാലം നടന്നയാള്‍ പത്രിക നല്കിയപ്പോള് അയാളെ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു.



Be the first to comment