ആരോപണങ്ങൾ അതീവ ഗൗരവമുള്ളത്; രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണം, പി കെ ശ്രീമതി

യുവതികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. എന്നാൽ മുകേഷിനെതിരെ ഉയർന്നുവന്ന ആരോപണം ഇതുപോലെയല്ല. വേറെയും കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഇത്തരം ആരോപണങ്ങൾ വന്നപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് പറഞ്ഞിട്ടില്ല.എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന ഷാഫി പറമ്പിലും വി ടി ബൽറാമും ഇതി മറുപടി പറയണമെന്നും പി കെ ശ്രീമതി പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് ദീപാ ദാസ് മുൻഷി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോൾ സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ കൂടി നോക്കണം. രാഹുൽ സ്വമേധയാ രാജിവെച്ചതാണെന്നും പാർട്ടി നീക്കിയിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പ്രതികരിച്ചു.തനിക്ക് ഒരു ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടായാളും പരാതി നൽകിയിട്ടില്ല. പാർട്ടിക്കും ഇതുവരെ രാഹുലിനെ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അതുകൊണ്ട് രാഹുലിനെതിരെ പാർട്ടി തരത്തിൽ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദീപാ ദാസ് മുൻഷി വ്യക്തമാക്കി.

എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ രാഹുലിനെതിരെ ഈ സ്ത്രീകള്‍ പരാതിപ്പെടുകയോ അതില്‍ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

Be the first to comment

Leave a Reply

Your email address will not be published.


*