ബലാത്സംഗക്കേസിൽ രാഹുലിനെ നാളെ ചോദ്യം ചെയ്യില്ല; ഹൈക്കോടതി വിധി കാത്ത് ‌എസ്ഐടി

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് എസ്ഐടി. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയിരുന്നു. ഈ വിധി വന്നതിന് ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് എസ്ഐടി. നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് എസ്ഐടി നീക്കം. ചോദ്യം ചെയ്ത് വിട്ടയച്ചാൽ കസ്റ്റഡി ആവശ്യത്തിന് തിരിച്ചടിയാകുമെന്നാണ് എസ്ഐടി വിലയിരുത്തൽ. കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി കോടതിയെ അറിയിക്കും.

ഉപാധികളോടെ കഴിഞ്ഞ ദിവസമായിരുന്നു ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണെന്നും കോടതി വിലയിരുത്തി. പോലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത ദിവസങ്ങൾക്ക് മുൻപ് മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച രാഹുല്‍ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല്‍ നടത്തിയതെന്നും മൊഴിയിലുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*