പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ തീരുമാനം തിങ്കളാഴ്ച. നിർണ്ണായക എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി 2 നു ചേരും . ഡി കെ മുരളി നൽകിയ പരാതിയും കമ്മിറ്റി പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും അന്തിമ നടപടി ഉണ്ടാകുക.
മൂന്നാം ബലാത്സംഗ പരാതിയിൽ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ നെല്ലിമുകളിലെ വീട്ടിൽ തന്നെ തുടരുകയാണ്. പാലക്കാട്ടേക്കും ഉടൻ പോകില്ല. ബജറ്റ് ദിവസമായ ഇന്ന് നിയമസഭയിൽ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും രാഹുൽ ഒഴിവാക്കി. ശനിയാഴ്ച രാഹുൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം.
പത്തുമണിക്കും 12 മണിക്കും ഇടയിൽ ഹാജരാകണം എന്നാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധി. മാധ്യമങ്ങളോടും രാഹുൽ ഉടൻ പ്രതികരിക്കില്ല. ഇന്നലെ രാത്രി പ്രാദേശിക കോൺഗ്രസ് നേതാക്കൾ രാഹുലിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ജാമ്യം നൽകിയ കോടതിയുടെ ഉത്തരവ് ആശ്വാസകരം ആണെന്ന വിലയിരുത്തലിലാണ് രാഹുലിന്റെ അനുയായികൾ.
അഞ്ച് ഉപാദികൾ വച്ചാണ് പത്തനംതിട്ട ജില്ല സെഷൻസ് കോടതി മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽമാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ ഒരു വർഷവും ഒമ്പത് മാസവും വൈകിയെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തു.
പരാതിക്കാരി വിദേശത്തായതിനാൽ ജാമ്യം കിട്ടിയാൽ രാഹുൽ ഭീഷണിപ്പെടുത്തുമെന്ന പ്രോസിക്യൂഷൻ വാദം കോടതിയിൽ നിലനിന്നില്ല. എസ് ഐ ടി കസ്റ്റഡിയിൽ വേണ്ടതില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കുന്നു എന്ന് കോടതി പറഞ്ഞു. കേസിൽ നേരിട്ടുള്ള മറ്റു സാക്ഷികൾ ഇല്ലാത്തതും കോടതി പരിഗണിച്ചു. വിവാഹ വാഗ്ദാനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ ആക്ഷേപത്തിൽ കോടതി ചില സംശയങ്ങൾ ആരാഞ്ഞു.
നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയും. പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹ ബന്ധം വേർപെടുത്താൻ നടപടികൾ സ്വീകരിച്ചിരുന്നില്ല എന്ന കാര്യവും കോടതി നിരീക്ഷിച്ചു. പീഡനം നടന്ന സമയത്തിനു ശേഷവും എംഎൽഎയും ആയി പരാതിക്കാരി സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി പറഞ്ഞു.



Be the first to comment