തിരുവനന്തപുരം: പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യം അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്നും ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുൽ സ്വമേധയാ രാജിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു.
രാഹുലിനെ പുറത്താക്കാനുള്ള കെപിസിസി തീരുമാനത്തിന് എഐസിസി അംഗീകാരം നൽകിയിട്ടുണ്ട്. പുറത്താക്കൽ നടപടി ഒട്ടും വൈകിയിട്ടില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തതെന്നും സണ്ണി ജോസഫ് അറിയിച്ചു. രാഹുലുമായി നല്ല ബന്ധം പുലർത്തുന്നവർ പോലും പാർട്ടിയുടെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു. കോൺഗ്രസ് കൈക്കൊണ്ടത് തികച്ചും മാതൃകാപരമായ തീരുമാനമാണെന്നും പാർട്ടിയെടുത്ത ഈ നിലപാടിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളവുകേസുകാർക്കെതിരെ നടപടി സ്വീകരിക്കാത്ത സിപിഎമ്മും രാഹുലിനെതിരെ നടപടിയെടുത്ത കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ അന്തസ് പ്രധാനം
ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി തീരുമാനമെടുത്തതെന്നും അത് എഐസിസി അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടത്. ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതായും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണിതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ആരോപണം വന്ന ഉടനെ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പിന്നീട് പാർട്ടിയിൽനിന്നും രാഹുലിനെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. പാർട്ടി എന്ന നിലയിൽ യഥാസമയം നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വനിത നേതാക്കളുടെ പിന്തുണ
ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയ പാർട്ടി നടപടിയിൽ കോൺഗ്രസിലെ വനിത നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. കോൺഗ്രസ് മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. മുകേഷ് എംഎൽഎയ്‌ക്കെതിരെ പരാതികളുയർന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന സിപിഎമ്മാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് ബിന്ദു കൃഷ്ണ വിമർശിച്ചു.
ഇരയ്‌ക്കൊപ്പം തന്നെ നിൽക്കുന്നുവെന്നും കോൺഗ്രസ് പ്രസ്ഥാനം എക്കാലവും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകളുടെ അഭിമാനം എന്നത് പാർട്ടി കമ്മിഷനു മുന്നിൽ ഒതുക്കേണ്ടതല്ലെന്ന് ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. പീഡന കേസിൽ ഉള്ള മുകേഷിനെ തോളിൽ ഇരുത്തിയാണ് സിപിഎം രാഹുൽ രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.
പുറത്താകുന്നത് സത്യപ്രതിജ്ഞാ വാർഷികത്തിൽ
ലൈംഗിക പീഡന പരാതിയിലും തുടർന്നുണ്ടായ കേസുകളിലും കുരുങ്ങി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കെപിസിസിയുടെ നിർണായക തീരുമാനം. പാലക്കാട് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികയുന്ന ദിവസമാണ് രാഹുലിനെതിരെ അച്ചടക്ക നടപടിയുണ്ടായതെന്നത് ശ്രദ്ധേയമാണ്.
കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് രാഹുലിനെ പുറത്താക്കിയതായി പാർട്ടി വ്യക്തമാക്കിയത്. നിലവിൽ സസ്‌പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാൻ രാഹുലുമായി ബന്ധപ്പെട്ടവർ നീക്കം തുടങ്ങിയിട്ടുണ്ട്. വിധിന്യായത്തിൻ്റെ പകർപ്പ് ലഭിച്ചാൽ ഉടൻ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
പ്രതികരണങ്ങൾ
കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണെന്ന് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണം. എന്നാൽ വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് രംഗത്തെത്തി. സ്ത്രീകൾക്കൊപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനമുണ്ടാക്കുന്നുവെന്ന് ഷഹനാസ് പ്രതികരിച്ചു.
കെഎസ്‌യുവിൻ്റെ കൊടിപിടിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച രാഹുൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് 18,840 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2024 നവംബറിലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ 2024 ഡിസംബർ നാലിനാണ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്. 2025 ഡിസംബർ നാലിനാണ് രാഹുലിനെ പാർട്ടിയിൽനിന്നും പുറത്താക്കിയത്. പാർട്ടി നടപടി വന്നതോടെ രാഹുൽ സ്വയം രാജിവയ്ക്കണമെന്നാണ് നേതൃത്വത്തിൻ്റെ ആവശ്യം.



Be the first to comment