ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയെങ്കിലും എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ഥാനം മറയാക്കി കേസുകളില്‍ നിന്ന് സംരക്ഷണം നേടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ എംഎല്‍എ പദവി ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെടണമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തുടക്കത്തില്‍ അറച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോഴും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ട്.
കുറ്റകൃത്യം ചെയ്തിട്ടും എംഎല്‍എ സ്ഥാനം വഹിച്ച് കൊണ്ട് എംഎല്‍എ ഓഫീസിലും മറ്റു ആക്ടിവിറ്റികളിലും അദ്ദേഹം സജീവമായി ഇടപെടുന്നത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നത് കൊണ്ടാണ്. കേസില്‍ സര്‍ക്കാര്‍ മുഖംനോക്കാതെയാണ് നടപടിയെടുത്തത്. രാഹുലിനെതിരെ ഡസന്‍ കണക്കിന് പരാതികള്‍ വരാനുണ്ട്. സര്‍ക്കാര്‍ കുറ്റക്കാരെ ഒരുവിധത്തിലും സംരക്ഷിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി ജനുവരി 21വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. തിരുവല്ലയില്‍ വച്ചാണ് രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായ ബലാത്സംഗം ചെയ്തെന്ന് അതീജിവിത നല്‍കിയ പരാതിയില്‍ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ തന്നോട് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.



Be the first to comment