നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍; നവംബര്‍ മുതല്‍ മെമു ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് . കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതി.

കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു. സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകള്‍ക്ക് നവംബര്‍ മുതല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിവിധ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് (16319/16320) നു കായംകുളം സ്റ്റേഷനിലും നിലമ്പൂര്‍ – തിരുവനന്തപുരം നോര്‍ത്ത് രാജ്യരാണി എക്‌സ്പ്രസ് (16350) നു കരുനാഗപ്പള്ളി സ്റ്റേഷനിലും സ്റ്റോപ്പനുവദിച്ചതായും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*